യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യണം ; കത്തുനല്‍കി താലിബാന്‍

 
Taliban

കാബൂള്‍: ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി താലിബാന്‍. താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇക്കാര്യം അഭ്യര്‍ഥിച്ച്‌ തിങ്കളാഴ്ച്ചയാണ്
കത്ത് നല്‍കിയത്.

ഇക്കാര്യത്തില്‍ യു.എന്‍. കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ദോഹ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്താന്റെ പുതിയ യു.എന്‍. അംബാസഡറായി താലിബാന്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത താലിബാന്‍, മുന്‍സര്‍ക്കാര്‍ നിയോഗിച്ച യു.എന്‍. പ്രതിനിധിക്ക് ഇനിമേല്‍ രാജ്യത്തെ പ്രതിനിധീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . യു.എന്നിലെ ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി തേടിയുള്ള താലിബാന്റെ അഭ്യര്‍ഥന ഒന്‍പതംഗ കമ്മിറ്റിയാണ് പരിഗണിക്കുക. അതെ സമയം റഷ്യ, യു.എസ്., ചൈന, തുടങ്ങിയ രാജ്യങ്ങളാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

അതേസമയം, ഈ ജനറല്‍ അംസബ്ലി സെഷന്‍ അവസാനിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കു മുന്നേ കമ്മിറ്റി യോഗം ചേരാനുള്ള സാധ്യത കുറവാണ് . അതുവരെ യു.എന്‍. ചട്ട പ്രകാരം, അഫ്ഗാനിസ്താന്റെ നിലവിലെ പ്രതിനിധി ഗുലാം ഇസാക്‌സായി അംബാസഡറായി തുടരും.