ഉറക്കത്തിനിടയില്‍ കഴുത്തില്‍ വവ്വാല്‍ കടിയേറ്റു; പേവിഷബാധയേറ്റ് വൃദ്ധന്‍ മരിച്ചു

 
bat

വാഷിങ്ടണ്‍ : ഉറക്കത്തിനിടയില്‍ കഴുത്തില്‍ വവ്വാല്‍ കടിയേറ്റ് വൃദ്ധന്‍ പേവിഷബാധയേറ്റു മരിച്ചു. യുഎസിലെ ഇല്ലിനോയിസിനാണ് സംഭവം. 1954 ന് ശേഷം ഇല്ലിനോയിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പേവിഷബാധ മരണമാണിത്.

ലേക് കൗണ്ടിയിലെ വീട്ടിലാണ് 80കാരന്‍ താമസിച്ചിരുന്നത്. ഒരു മാസം മുന്‍പായിരുന്നു ഇയാള്‍ ഉണര്‍ന്നപ്പോള്‍ കഴുത്തിന് സമീപം വവ്വാലിനെ കണ്ടത്. പിന്നീട് വവ്വാലിന്റെ സാംപിള്‍ പരിശോധിച്ചപ്പോള്‍ പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പീന്നിടാണ് ഇയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കഴുത്ത് വേദന, തലവേദന, വിരല്‍ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാന്‍ പ്രയാസം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. തുടര്‍ന്ന് ഇദ്ദേഹം മരിക്കുകയായിരുന്നു.

മരണനിരക്ക് ഏറ്റവുമുയര്‍ന്ന രോഗങ്ങളിലൊന്നാണ് റാബീസ് വൈറസ് ബാധയെന്ന് ഇല്ലിനോയിസ് ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ഗോസി എസീക് വ്യക്തമാക്കി. എന്നാല്‍ പേവിഷബാധയേറ്റ ഉടനെ ചികിത്സ തേടിയാല്‍ ജീവന്‍ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസില്‍ ഒരു വര്‍ഷം ഒന്നോ മൂന്നോ പേര്‍ക്ക് മാത്രമാണ് റാബീസ് വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ 60,000 ത്തോളം പേര്‍ ആന്റി റാബീസ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. ഈ വൈറസുകള്‍ ശരീരത്തിന്റെ നാഡീവ്യൂഹത്തെ ബാധിച്ച്‌ മസ്തിഷ്‌ക മരണത്തിനും കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു.

വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപഴകലിന് വിധേയമാകുന്നവര്‍ അതിനെ സുരക്ഷിതമായി പിടികൂടി പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇല്ലിനോയിസില്‍ ഈ വര്‍ഷം 30 വവ്വാലുകളെ പരിശോധിച്ചതില്‍ എല്ലാവയിലും റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു.