'അങ്ങനെയങ്ങ് പോകാന്‍ വരട്ടെ', ബസ് തടഞ്ഞ് കൊമ്ബന്‍, ചില്ല് തകര്‍ത്തു; പതറാതെ ഡ്രൈവര്‍- വീഡിയോ

 
Elephent

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒറ്റയാന ബസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസിന്റെ ചില്ല് തകര്‍ത്ത് നില്‍ക്കുന്ന ആനയെ കണ്ട് പന്തിക്കേട് തോന്നിയ ബസ് ഡ്രൈവര്‍ , വാഹനം നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൊടഗിരിയില്‍ നിന്ന് മേട്ടുപാളയത്തേയ്ക്ക് ബസ് പോകവേയാണ് ആനയെ നടുറോഡില്‍ കണ്ടത്. ആനയെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിടാന്‍ കൂട്ടാക്കാതെ പിന്നാലെ പാഞ്ഞുവന്നു. ആന വരുന്നത് കണ്ട് നിര്‍ത്തിയിട്ട ബസില്‍ കൊമ്ബ് കൊണ്ടാണ് ആന ചില്ല് തകര്‍ത്തത്. ആന പിന്മാറാന്‍ ഒരുക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പന്തിക്കേട് തോന്നിയ ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഡ്രൈവര്‍ ബസിലെ യാത്രക്കാരോട് പുറത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ടുപോകുന്ന ബസാണ് ആന ആക്രമിച്ചത്. സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ പങ്കുവെച്ചത്.

സമചിത്തതയോടെ സന്ദര്‍ഭം കൈകാര്യം ചെയ്ത ഡ്രൈവര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. ബസിന്റെ ചില്ല് തകര്‍ത്ത സമയത്തും പരിഭ്രാന്തി പുറത്ത് കാണിക്കാതെ ഡ്രൈവര്‍ സീറ്റില്‍ തന്നെ ഇരിക്കുന്നത് കാണാം. യാത്രക്കാരെ പരിഭ്രാന്തരാകാതെ, അവരോട് പിന്നോട്ട് പോകാനും ബസില്‍ നിന്ന് പുറത്തേയ്ക്ക് പോകാനും ഡ്രൈവര്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.