പഠിച്ച സ്കൂള്‍ ഇനി സ്വന്തം പേരില്‍ അറിയപ്പെടും; ഒളിംപിക് മെഡല്‍ ജേതാവ് രവി ദഹിയക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ആദരം

 
school

ന്യൂഡല്‍ഹി: ഒളിംപിക് മെഡല്‍ ജേതാവ് രവി ദഹിയക്ക് ആദരസൂചകമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിന്റെ പേര് മാറ്റി. ആദര്‍ശ് നഗറിലെ രാജ്‌കിയ ബാല്‍ വിദ്യാലയയുടെ പേര് ഇനി മുതല്‍ രവി ദഹിയ ബാല്‍ വിദ്യാലയ എന്ന് അറിയപ്പെടും. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടെയാണ് രവി.

'കഠിന പരിശ്രമത്തിലൂടെ ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നു, " ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു.

സാമ്ബത്തികമായി ഒരുപാട് സഹായങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ തന്റെ വളര്‍ച്ചയില്‍ ചെയ്തിട്ടുണ്ടെന്ന് രവി പ്രതികരിച്ചു.

പരിശീലനം, പരിശീലകര്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ദഹിയക്ക് ലഭിച്ചിരുന്നത് ഡെല്‍ഹി സര്‍ക്കാരിന്റെ മിഷന്‍ എക്സലന്‍സ് എന്ന പദ്ധതിയിലൂടെയായിരുന്നു.

"ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ഇന്ത്യക്കായി ഒളിംപിക് മെഡല്‍ നേടി എന്നത് അഭിമാനം തരുന്ന ഒന്നാണ്. ദഹിയയുടെ വലിയ ചിത്രവും സ്കൂളില്‍ സ്ഥാപിക്കും. വരും തലമുറയുടെ സ്വപ്നങ്ങള്‍ക്ക് അത് വലിയ ഊര്‍ജം പകരും," ദഹിയയെ ആദരിച്ച ചടങ്ങില്‍ മനിഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.

"എല്ലാ തലങ്ങളിലും കായിക ഇനങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഡല്‍ഹി സ്പോര്‍ട്സ് സര്‍വകലാശാലക്ക് പുറമെ പുതിയ സ്കൂളും ആരംഭിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. യുവ താരങ്ങളെ വളര്‍ത്തിയെടുക്കത്തിനയാണ് പുതിയ സ്കൂള്‍. അടുത്ത അദ്ധ്യേന വര്‍ഷം മുതല്‍ അഡ്മിഷന്‍ ആരംഭിക്കും," അദ്ദേഹം പറഞ്ഞു.

പഠനത്തിന് നല്‍കുന്ന പ്രാധാന്യം കായികത്തിന് നല്‍കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. സ്പോര്‍ട്സില്‍ മികവ് തെളിയിക്കുന്ന താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ മൂന്ന് തലത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചതായും സിസോദിയ പറഞ്ഞു.