ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറയുന്നു

 
Dhoha

ദോഹ∙ ഖത്തറില്‍ ഗതാഗത ലംഘനങ്ങള്‍ കുറഞ്ഞു തുടങ്ങിയെന്ന് അധികൃതര്‍. റോഡ്‌ നിയമങ്ങളെക്കുറിച്ചുള്ള സമഗ്ര ബോധവല്‍ക്കരണത്തിന്റെ ഫലമെന്നാണ് വിലയിരുത്തല്‍ .ജൂണ്‍ മാസത്തില്‍ 1,64,181 ഗതാഗത ലംഘനങ്ങളാണുണ്ടായതെങ്കില്‍ ജൂലൈയില്‍ 20.7% കുറഞ്ഞ് ലംഘനങ്ങളുടെ എണ്ണം 1,64,181 ആയി ചുരുങ്ങിയെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ.മുഹമ്മദ് റാദി അല്‍ഹജ്രി ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ വ്യക്തമാക്കി.

കാല്‍നടയാത്രക്കാര്‍ പാലിക്കേണ്ടത് അടക്കമുള്ള ഗതാഗത നിയമങ്ങളെക്കുറിച്ചാണ് സമഗ്ര ബോധവല്‍ക്കരണം പുരോഗമിക്കുന്നത് .ഇന്റര്‍സെക്‌ഷനുകളിലും സിഗ്‌നലുകളിലുമെല്ലാം കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതും ഗതാഗത ലംഘനങ്ങള്‍ കുറയ്ക്കാന്‍ സഹായകമായി. അതെ സമയം അമിത വേഗവുമായി ബന്ധപ്പെട്ട് ജൂലൈയില്‍ 1,13,243 ട്രാഫിക് ലംഘനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.

ജൂണിനേക്കാള്‍ 24.8 % കുറവ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുക എന്നിവയാണ് പൊതുവായ ലംഘനങ്ങള്‍.