കോവിഡ് പോസറ്റീവായവര്‍ ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകരുത്

 
Covid

കോവിഡ് പോസറ്റീവായ പലരും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല എന്നതാണ് രോഗം ഗുരുതരമാവാനും മരണത്തിലേക്കും നയിക്കുന്ന പ്രധാനകാരണം.

കോവിഡ് ബാധിച്ചുകഴിഞ്ഞാല്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ന്യൂമോണിയ ബാധിക്കുന്നതും രോഗലക്ഷണം തുടങ്ങി ഏകദേശം 5 ദിവസം മുതല്‍ 7 ദിവസം വരെയുള്ള കാലയളവിന് ശേഷമാണ് (ടെസ്റ്റ് പോസിറ്റിവിറ്റിക്ക് ശേഷമല്ല) തുടക്കത്തിലുള്ള പനിയും ശരീരവേദനയുമെല്ലാം പലരിലും കാണപ്പെടാം എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷവും കാണപ്പെടുന്ന വിട്ടുമാറാത്ത പനി, ശ്വാസതടസ്സം, കിതപ്പ്, ശക്തമായ ചുമ എന്നിവ ന്യൂമോണിയയുടെ ആദ്യ ലക്ഷണങ്ങളാണ്.

പള്‍സ്‌ഓക്‌സി മീറ്റര്‍ ഉപയോഗിക്കുമ്ബോള്‍ ഓക്‌സിജന്റെ അളവ് 92%ത്തിന് മുകളില്‍ കണ്ടാലും 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.

ന്യൂമോണിയയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടി കഴിഞ്ഞാല്‍ നല്ലൊരു ശതമാനം രോഗികളേയും അസുഖം ഗുരുതരമായി ഐസിയുവിലേക്ക് പോകുന്നതില്‍ നിന്നു മാറ്റി നിര്‍ത്താനും രോഗം ശമിപ്പിക്കാനും സഹായിക്കും.

എന്നാല്‍ കൃത്യസമയത്ത് ചികിത്സ തേടാതെ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ് ആശുപത്രിയില്‍ എത്തുകയാണെങ്കില്‍ രോഗി നേരിട്ട് ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ പ്രവേശിപ്പിക്കപ്പെടും. അത്തരം രോഗികള്‍ക്ക് അസുഖം ഭേദമാകാനുള്ള സാധ്യത കുറവും മരണ സാധ്യത കൂടുതലുമാണ് .

അതുപോലെ തന്നെ ഡയാലിസിസ് ചെയ്യുന്നവര്‍, ഹൃദ്രോഗികള്‍, പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്തവര്‍ ( പ്രമേഹ നിയന്ത്രണം ഉറപ്പുവരുത്തുന്നത് HbA1c എന്ന ടെസ്റ്റ് നടത്തിയാവണം സാധാരണ രീതിയില്‍ എഴിന് താഴെയുണ്ടാവണം.)

പ്രതിരോധ ശക്തി കുറക്കുന്ന രീതിയില്‍ മരുന്ന് കഴിക്കുന്ന വാത രോഗത്തില്‍ പെട്ട രോഗികള്‍, കാന്‍സര്‍ രോഗികള്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, മുമ്ബേ ശ്വാസസംബന്ധമായ രോഗമുള്ള രോഗികള്‍, അമിത വണ്ണമുള്ളവര്‍, പ്രായാധിക്യം ഉള്ളവര്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തിലെ വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കാവൂ.

ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രയാസം അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പോകേണ്ടതാണ്.

ഇത്തരക്കാര്‍ക്ക് രോഗലക്ഷണം തുടങ്ങി അഞ്ചുദിവസത്തിനുള്ളിലോ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പോ മോണോക്ലോണല്‍ ആന്റി ബോഡി ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി. എന്നാല്‍ പലപ്പോഴും മിക്കവരും ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

രോഗലക്ഷണങ്ങള്‍ 5 ദിവസത്തിന് ശേഷവും അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ആശുപത്രിയില്‍ ചികിത്സ തേടുകതന്നെ വേണം. ഇതാണ് മരണ നിരക്ക് കുറയ്ക്കാനും രോഗം ഗുരുതരമാകാതിരിക്കാനുമുള്ള ഏകമാര്‍ഗം.