എം.ജി ശ്രീകുമാറിന് നല്‍കിയ വജ്രമോതിരത്തിന്റെ വില 300 രൂപ, മോഹന്‍ലാലിനെ വീട്ടില്‍ കൊണ്ടുവരാന്‍ ചെയ്തത്:

 
Monson

രാജകുമാരി: പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയിലെ രാജകുമാരിയിലായിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പു തുടങ്ങിയത്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, മുംബൈയില്‍ ഒരാളെ കൊലപ്പെടുത്തി, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട് തുടങ്ങിയ അനേകം തള്ള് കഥകള്‍ മോന്‍സന്‍ താനുമായി അടുപ്പമുള്ളവരോട് പങ്കുവെച്ചിരുന്നു.

മോഹന്‍ലാല്‍ മുതല്‍ പേര്‍ളി മാണി വരെയുള്ളവരുടെ കൂടെ നിന്ന് ഇയാള്‍ ഫോട്ടോയെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. മോഹന്‍ലാലിനെ വീട്ടില്‍ കൊണ്ടു വരാനായി ഇയാള്‍ പലവഴികളും പരീക്ഷിച്ചിരുന്നു. ഒരു വ്യാപാരിക്ക് ഇയാള്‍ ഇതിനായി ഒരു മോതിരം നല്‍കിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ജപ്പാന്‍ രാജവംശത്തിലെ പ്രധാനി ധരിച്ചിരുന്ന മോതിരമാണെന്നായിരുന്നു ഇയാള്‍ വ്യാപാരിയോട് പറഞ്ഞിരുന്നത്. ഇതിനു വെറും അഞ്ഞൂറ് രൂപയായിരുന്നു വില.

ഗായകന്‍ എം.ജി ശ്രീകുമാറിന് നല്‍കിയതും ഇതുപോലത്തെ മോതിരമായിരുന്നു. ഈ 'കറുത്ത വജ്രമോതിര'ത്തിന്റെ വില 300 രൂപയായിരുന്നു. വലിയ വിലയുള്ള മോതിരം, സുഹൃത്ത് ഡോക്ടര്‍ മോന്‍സന്‍ നല്‍കിയതാണെന്ന് എം ജി ശ്രീകുമാര്‍ ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതുള്‍പ്പെടെ മോന്‍സണ്‍ പലര്‍ക്കും സമ്മാനിച്ച വാച്ചും മോതിരവുമെല്ലാം ബംഗളുരുവിലെ നാഷണല്‍ മാര്‍ക്കറ്റില്‍നിന്ന് 200-1000 രൂപയ്ക്കു വാങ്ങിയതായിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരം മുഴുവന്‍ തട്ടിപ്പായിരുന്നു.

മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍നിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഐപാഡില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ നടത്തിയ പരിശോധനയില്‍ ഐപാഡില്‍ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളൊന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായില്ല. തട്ടിപ്പിനുപയോഗിച്ച രേഖകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണു നിഗമനം. ഫയലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.