പുതുജീവന്‍ നല്‍കിയത് 7 പേര്‍ക്ക്; നേവിസിന്‍റെ ഓര്‍മകള്‍ക്ക് മരണമില്ല

 
Nevis

അവയവ ദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കോട്ടയം വടവകൂര്‍ സ്വദേശി നേവിസ് സാജന്‍ മാത്യു ഇനി ഓര്‍മ. നേവിസിന്‍റെ സംസ്കാര ചടങ്ങുകള്‍ കോട്ടയത്ത് നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രിമാരായ വി എന്‍ വാസവനും വീണ ജോര്‍ജും പങ്കെടുത്തു. മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് നേവിസിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തത്.

അവയവദാനത്തിലൂടെ അനശ്വരനാവുകയാണ് നേവിസ്. അണഞ്ഞു പോകുമായിരുന്ന ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം നല്‍കിയാണ് ഈ 25കാരന്‍ യാത്രയായത്. സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ ഹൃദയം, കരള്‍, നേത്രപടലങ്ങള്‍, കൈകള്‍, വൃക്കകള്‍ എന്നിവയാണ് 7 പേര്‍ക്കായി ദാനം ചെയ്തത്. മറ്റുള്ളവര്‍ക്ക് മാതൃകയായ നേവിസിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്നും ആളുകള്‍ എത്തി.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നേവിസിന്‍റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി താഴ്ന്നതോടെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്ക മരണവും സംഭവിച്ചു. ഇതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.