കൗമാരക്കാരായ സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക്; മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനം

 
Teenage

ലണ്ടന്‍: കൗമാരക്കാരായ സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് അവരുടെ മാനസിക ആരോഗ്യത്തിന് ഭീഷണിയെന്ന് പഠനം. ജേര്‍ണല്‍ ഓഫ് യൂത്ത് ആന്‍ഡ് അഡോളസെന്‍സ് എന്ന മാസികയിലാണ് ഇത് സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചത്.

കൗമാര പ്രായത്തിലേയ്‌ക്ക് കടക്കുന്ന 17,000 കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വഴക്കിനിടയില്‍ അടിപിടികൂടിയവര്‍ക്കും ഇതിന് ഇരയായവര്‍ക്കും ഇടയിലാണ് പഠനം നടത്തിയത്. ഇത്തരത്തില്‍ നിരന്തരമായ വഴക്ക് കൂടുന്നത് ഇവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

11നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചും ഇവര്‍ക്ക് 17 വയസ്സുകഴിയുമ്ബോള്‍ തുടര്‍ പഠനം നടത്തിയുമാണ് ഇക്കാര്യം ഉറപ്പിച്ചത്. 11, 14, 17 വയസ്സ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളോടും ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

'സഹോദരന്മാര്‍ തമ്മിലുള്ള വഴക്ക് ഇവരുടെ മാനസിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇത്തരത്തിലുള്ള കൗമാരക്കാരില്‍ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി' പഠനത്തിന് നേതൃത്വം നല്‍കിയ യോര്‍ക്ക് സര്‍വകലാശാലയിലെ അദ്ധ്യപകനും എഴുത്തുകാരനുമായ ഡോ ഉമര്‍ തോസീബ് പറഞ്ഞു.

ഇത്തരത്തിലുള്ള വഴക്കുകളില്‍ ഗുണവുമുണ്ട് അതേപോലെ തന്നെ ദോഷവുമുണ്ട്. സഹോദരന്മാര്‍ തമ്മിലുള്ള വഴക്ക് ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് ശക്തി നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള കഴിവ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ചിലപ്പോള്‍ അത്തരത്തിലുള്ള വഴക്കിലൂടെ ഇവര്‍ക്കിടയില്‍ ഭിന്നത അനുഭവപ്പെടുകയും വൈരാഗ്യമുണ്ടാക്കുകയും ചെയ്യുന്നുവെന്നും തോസീബ് കൂട്ടിച്ചേര്‍ത്തു.