കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തുടരുന്നു: കര്‍ശന നിര്‍ദേശങ്ങളുമായി കെ.സുധാകരന്‍

 
Sudhakaran

പുനസംഘടനക്ക് മുമ്ബ് പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കുമെന്ന് പ്രവര്‍ത്തകരോട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. താഴെതട്ടിലുണ്ടായ സംഘടനാ ദൗര്‍ബല്യമാണ്‌ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം. ആറു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നും കെ സുധാകരന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

'എ' ഗ്രൂപ്പ് മേധാവിത്വമുള്ള പത്തനംതിട്ടയിലെ നേതൃയോഗത്തിലാണ് അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന സന്ദേശം കെ സുധാകരന്‍ വീണ്ടും ആവര്‍ത്തിച്ചത്. താഴെതട്ടിലുള്ള സംഘടനാ ദൗര്‍ബല്യം തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണമായതിനാല്‍ അത് പരിഹരിക്കുന്നതിനാവും ആദ്യ പരിഗണന നല്‍കുക. മൂന്ന് മാസത്തിനുള്ളില്‍ 3000ലേറെ പേര്‍ക്ക് പരിശീലനം നല്‍കി കേഡര്‍ സംവിധാനം ഉറപ്പ് വരുത്തിയാവും പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

51 അംഗങ്ങളായി ചുരുക്കിയാവും കെ.പി.സി.സി പുനസംഘടിപ്പിക്കുക. കെ.പി.സി.സിയില്‍ അംഗങ്ങളല്ലാത്ത നേതൃനിരയിലുള്ളവര്ക്കെല്ലാം അര്‍ഹമായ പരിഗണനകള്‍ ഉറപ്പാക്കും . ജില്ലാ തലങ്ങളിലുള്ള പുനസംഘടനയുടെ ഭാഗമായി അച്ചടക്ക സമിതികളോടൊപ്പം സഹകരണ മേഖലകളിലും പഞ്ചായത്ത് തലങ്ങളിലും പ്രത്യേക സമിതികളും രൂപീകരിക്കും . സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര ജനാധിപത്യം ഉറപ്പ് വരുത്തുമെങ്കിലും പാര്‍ട്ടിക്ക് അതീതരായവരെ പുറത്താക്കുക തന്നെ ചെയ്യുമെന്നാവര്‍ത്തിച്ചാണ് സുധാകരന്‍ മടങ്ങിയത്.