ബി ജെ പി കോര്‍ കമ്മിറ്റി നാളെ; സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന നിലപാടിലുറച്ച്‌ കൃഷ്ണദാസ് - ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍

 
BJP
കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി നാളെ കൊച്ചിയില്‍ ചേരും. കൊടകര കുഴല്‍പണകേസ്, സംസ്ഥാന പ്രസിഡന്‍്റ് കെ.സുരേന്ദ്രന്‍ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും . കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ സമഗ്രമായ നേതൃമാറ്റം ആവശ്യപ്പെടും.ജില്ലാ , മണ്ഡലം കമ്മിറ്റികളുടെ പുനക്രമീകരണമെന്ന നിര്‍ദ്ദേശമാണ് സുരേന്ദ്രന്‍ പക്ഷം മുന്നോട്ട് വെക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ചേരുന്ന ബി.ജെ.പി. കോര്‍കമ്മിറ്റിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കൃഷ്ണദാസ് ശോഭാസുരേന്ദ്രന്‍ പക്ഷങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മണ്ഡലം, ജില്ലാ, മേഖല കമ്മിറ്റികള്‍ പുനഃക്രമീകരിച്ചു സംസ്ഥാന ഭാരവാഹിത്വത്തിലെ ഒഴിവുകള്‍ നികത്തി പുനസംഘടന നടത്താനാണ് ഔദ്യോഗിക പക്ഷത്തിന്‍്റെ നീക്കം.

എന്നാല്‍ തൊലിപ്പുറത്തു ചികിത്സ നടത്തി മുഖം മിനുക്കാന്‍ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ മാറാതെ സംസ്ഥാനത്തെ ഒരു മാറ്റത്തിനും പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇരു പക്ഷങ്ങളും.മറ്റ് രാഷ്ട്രിയ പാര്‍ട്ടികളില്‍ നടക്കുന്ന സമഗ്രമായ മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ ബിജെപിയ്ക്ക് കേരളത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കെ സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിലാണ് കേരളത്തിലെ ആര്‍ എസ് എസ്സും. സംസ്ഥാനത്ത് 14 ജില്ലകളിലും 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടന്ന അവലോകന ചര്‍ച്ചയില്‍ നേതൃത്വം പൂര്‍ണ്ണമായി മാറാതെ ബിജെപിയ്ക്ക് രക്ഷയില്ലെന്ന വികാരമാണ് ഉയര്‍ന്നത്. തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷന്‍ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇത് കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാകുന്ന റിപ്പോര്‍ട്ടിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ പഞ്ചായത്ത്, നിയോജകമണ്ഡലം തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണ്ണമായി നിശ്ചലമാകാനാണ് സാധ്യത.

സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷങ്ങളുടെ ആവശ്യത്തോട് ദേശീയ നേതൃത്വം അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. അതിനെ മറികടക്കാനാണ് ഇപ്പോള്‍ ഔദ്യോഗിക വിഭാഗം അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ചതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

അതേസമയം കൊടകര കുഴല്‍പണകേസ്, സംസ്ഥാന പ്രസിഡന്‍്റ് കെ.സുരേന്ദ്രന്‍ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകളും യോഗത്തില്‍ ചര്‍ച്ചയാകും . ഈ കോഴക്കേസുകള്‍ പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കിയെന്ന വികാരത്തിലാണ് ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണനും കോര്‍ കമ്മറ്റിയോഗത്തില്‍ പങ്കെടുക്കും.