പണമില്ലാതെ വിഷമിക്കുകയാണോ; വീടിന്റെ അറ്റകുറ്റപ്പണിക്ക് സെപ്റ്റംബര്‍ 30 വരെ അര ലക്ഷം രൂപ കിട്ടും

 
House maintance

തിരുവനന്തപുരം: വീട് അറ്റകുറ്റപ്പണികള്‍ക്ക് പണമില്ലാത്ത ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും 50000 രൂപ വരെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ധനസഹായം നല്‍കുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഈ ധനസഹായത്തിന് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ആരൊക്കെ അര്‍ഹതപ്പെട്ടവര്‍

അപേക്ഷക / പങ്കാളിയുടെ പേരിലുള്ള വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവായിരിക്കണം.

പത്തു വര്‍ഷത്തിനിടെ മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവന നിര്‍മാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല.

അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.

ബി പി എല്‍ കുടുംബത്തിനും പെണ്‍മക്കള്‍ മാത്രമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്

സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷിക്കേണ്ട വിധം

കരം ഒടുക്കിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സര്‍പ്പിക്കണം.

അതതു ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും.