മോദി പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചപ്പോള്‍ കേരളം കള്ളന്‍മാര്‍ക്ക്​​ ചൂട്ടുപിടിക്കുന്നു -കെ. സുരേ​ന്ദ്രന്‍

 

കൊച്ചി: കേരളത്തില്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ​ഗസ്ഥന്‍മാരും തട്ടിപ്പുകാര്‍ക്കൊപ്പമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.

ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂര്‍ ഫിഷര്‍മാന്‍ ലാന്‍ഡിംഗ് സെന്‍ററില്‍ നടന്ന കായല്‍ ശുചീകരണം ഉദ്ഘാടനം ചെയ്ത് സുന്ദ്രേന്‍ പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്‍റെ പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചപ്പോള്‍, കേരള സര്‍ക്കാര്‍ വ്യാജ പുരാവസ്തുക്കള്‍ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളന്‍മാര്‍ക്ക് ചൂട്ടുപിടിക്കുകയാണ്.

ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല, സര്‍ക്കാറിന്‍റെ അറിവോടെയാണ് നടന്നത്. ഡി.ജി.പിയുമായും എ.ഡി.ജി.പിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഈ കേസ് ഇ.ഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡി.ജി.പി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.

പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ പറയണം. മൂന്ന് വര്‍ഷം മുമ്ബ് തന്നെ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാര്‍ ഇയാളുമായി അടുപ്പം തുടര്‍ന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും സു​േ​രന്ദ്രന്‍ ആവശ്യപ്പെട്ടു.

രാജ്യം മുഴുവന്‍ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്ബോള്‍ കേരളത്തില്‍ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സര്‍ക്കാര്‍ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സര്‍ക്കാര്‍ ഒതുക്കുകയാണ്.

നരേന്ദ്ര മോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്ബോള്‍ പിണറായി വിജയന്‍ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുകയാണ്​. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒരു ടീം ഇന്ത്യയായി മുന്നോട്ട് പോവുകയാണ്. എന്നാല്‍, എല്ലാതലത്തിലും പ്രതിലോമ ചിന്തയാണ് പിണറായി സര്‍ക്കാറിനെ നയിക്കുന്നത്. മോദി സര്‍ക്കാറിന് വികസനം പാവപ്പെട്ടവരിലെത്തണം എന്ന് നിര്‍ബന്ധ ബുദ്ധിയുണ്ട്. അഴിമതി നടക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്.

പ്രകൃതിയെ ചൂഷണം ചെയ്യാതെ മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ നവാമി ​ഗം​ഗയാണ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ നദികളും മാലിന്യമുക്തമാക്കി കൊണ്ടിരിക്കുകയാണ്. കേന്ദ്രം കൊടുക്കുന്ന പണം വഴിമാറ്റി ചെലവഴിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. ലോകം മുഴുവന്‍ ആചരിച്ച ടൂറിസം ദിനം കേരളത്തില്‍ സര്‍ക്കാര്‍ ആചരിച്ചത് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എസ്. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.