പോലീസുകാര്‍ക്ക് കൊവിഡ് ; ശാസ്താംകോട്ട സ്റ്റേഷന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു

 
police corona

ശാസ്താംകോട്ട: തൂങ്ങി മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവ്. ഇതോടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ചവര്‍ക്കും അടക്കം 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പോസിറ്റീവായി. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ 17 പേരും ഡിവൈഎസ്പി ഓഫീസിലെ നാല് പേരുമാണ് കൊവിഡ് ബാധിതരായി ചികിത്സയില്‍ പോയത്.

രോഗബാധിതരായവരില്‍ എസ്‌ഐയും എസ്‌ഐയും അടക്കമുള്ളവരുണ്ട്. കഴിഞ്ഞ ദിവസം ഭരണിക്കാവില്‍ യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് എസ്‌ഐ അടക്കമുള്ള അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതിക്ക് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും.

ഈ ഉദ്യോഗസ്ഥരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് രോഗബാധിതരായ മറ്റുള്ളവര്‍. ഇതോടെ മറ്റ് ഉദ്യോഗസ്ഥരും ഗൃഹ നിരീക്ഷണത്തിലായി. രോഗം പടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഭാഗീകമായി നിലച്ചു. പോലീസ് സ്റ്റേഷനോട് ചേര്‍ന്നാണ് ഡിവൈഎസ്പി ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഡിവൈഎസ്പി ഓഫീസിലെയും ജീവനക്കാര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം.