എം.പിയ്ക്ക് സല്യൂട്ട് പാടില്ലെന്ന് സര്‍ക്കുലറുണ്ടോ?; രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല: സുരേഷ് ഗോപി

 
Suresh Gopi

തൃശൂര്‍: ഒല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ ഗ്രഡ് എസ്.ഐ ആന്റണിയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ്‌ഗോപി എം.പി. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലിസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.

പാലാ ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

' സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലിസ് ഓഫിസര്‍ക്ക് പരാതിയുണ്ടോ?- സുരേഷ് ഗോപി ചോദിച്ചു. പൊലിസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ മറുപടിക്ക് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ആരുടെ അസോസിയേഷന്‍? ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച്‌ രാഷ്ട്രീയമൊന്നും കളിക്കരുത്.- അദ്ദേഹം പറഞ്ഞു.

പൊലിസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡി.ജി.പി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ടടിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റ് ചെയര്‍മാന് പരാതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.