'ഹാപി ബര്‍ത്‌ഡേ മോദി ജി'; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

 
Rahul

ന്യൂഡെല്‍ഹി: 'ഹാപി ബര്‍ത്‌ഡേ മോദി ജി', പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിന് ട്വിറ്ററില്‍ ഒറ്റ വരിയിലൂടെ ആശംസകള്‍ അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ- സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലുള്ള നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മോദിക്ക് ആശംസകള്‍ അറിയിച്ചു. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു' - എന്നായിരുന്നു കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്.അതിനിടെ മോദിയുടെ ജന്മദിനം മൂന്നാഴ്ച വിവിധ പരിപാടികളോടെ ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ജനങ്ങളില്‍നിന്ന് 'നന്ദി' പോസ്റ്റ് കാര്‍ഡുകള്‍ ശേഖരിച്ച്‌ മോദിക്ക് അയക്കുക, വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുക, ശുചീകരണയജ്ഞം, പരിസ്ഥിതി കാംപയിനുകള്‍ തുടങ്ങിയവ നടത്താനാണ് പാര്‍ടിയുടെ തീരുമാനം.

അതേസമയം, മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലാ ദിനമായി ആചരിക്കാനാണ് യൂത് കോണ്‍ഗ്രസിന്റെ തീരുമാനം. ട്വിറ്റെറില്‍ 'ദേശീയ തൊഴിലില്ലാ ദിനം' ഹാഷ്ടാഗ് ട്രെന്‍ഡിങ്ങിലെത്തുകയും ചെയ്തു.