സര്‍പ്രൈസുകള്‍ക്ക് വിരാമമിട്ട് ബിഗ് ബജറ്റ് ചിത്രം 'കാപ്പ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

 
Kappa

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ പൃഥ്വിരാജിന്റെ സര്‍പ്രൈസ് പുറത്ത്.പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്.

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജിനൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും 'കാപ്പി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥുമാണ് നിര്‍വഹിക്കുന്നത്

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്ബനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ'യ്ക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പ'. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നിവയാണ് വേണു സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.