ബോളിവുഡിലെ ഒരു 'ഡിവോഴ്‌സ് എക്‌സ്‌പേര്‍ട്ട്' ആണ് നാഗചൈതന്യയുടെ വഴികാട്ടി: വസ്ത്രം മാറുന്നതു പോലെ വിവാഹം: കങ്കണ

 
Naga chaithanya

തെന്നിന്ത്യന്‍ താര ദമ്ബതിമാരായ സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചന വാര്‍ത്തയില്‍ ബോളിവുഡ് നടന് ഒളിയമ്ബുമായി നടി കങ്കണ റണാവത്ത്. സാമന്തയുടെയും നാഗചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമത്തില്‍ നടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബോളിവുഡിലെ ഡിവോഴ്‌സ് എക്‌സ്‌പേര്‍ട്ടായ ഒരു നടനാണ് ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെന്നാണ് കങ്കണയുടെ ആരോപണം. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ആ നടനാണ് നാഗചൈതന്യയുടെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമെന്ന് കങ്കണ കുറിച്ചു. ബോളിവുഡ് നടന്‍ അമീര്‍ഖാനെതിരെയായിരുന്നു നടിയുടെ ഒളിയമ്ബ്. കങ്കണ റണാവത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

'വിവാഹ മോചനം നടക്കുമ്ബോള്‍ എപ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്. ഞാന്‍ പഴഞ്ചന്‍ ചിന്താഗതിക്കാരിയും മുന്‍വിധിയുള്ളയാളുമാണെന്ന് തോന്നിയേക്കാം, പക്ഷെ ഇങ്ങനെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷന്‍ ഒരു വേട്ടക്കാരനാണ്, സ്ത്രീ ഒരു പരിപാലകയും. നൂറിലൊരു സ്ത്രീ നേരത്തെ ആ പട്ടികയില്‍ പെടുന്നില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച്‌ വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇത്തരക്കാര്‍ക്ക് മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ ലജ്ജിക്കുന്നു. അവര്‍ പുരുഷന്മാരെ പ്രകീര്‍ത്തിക്കുകയും സ്ത്രീകളെ വിധിക്കുകയും ചെയ്യുന്നു.

വിവാഹ മോചന സംസ്‌കാരം മുമ്ബ് ഒരിക്കലുമില്ലാത്ത വിധം ഉയരുകയാണ്. പത്തുവര്‍ഷത്തോളം പ്രണയിച്ച്‌ നാലു വര്‍ഷത്തോളമായി വിവാഹബന്ധത്തിലിരുന്ന ഈ തെന്നിന്ത്യന്‍ നടന്‍ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു. ബോളിവുഡിലെ ഒരു 'ഡിവോഴ്‌സ് എക്‌സ്‌പേര്‍ട്ട്' ആയാണ് ഇയാള്‍ അറിയപ്പെടുന്നത്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാള്‍ ഇപ്പോള്‍ ആ നടന്റെ വഴികാട്ടിയും ഉപദേശകയായ അമ്മായിയുമായി. അതിനാല്‍ എല്ലാം പെട്ടന്ന് നടന്നു. ഞാന് സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം' എന്ന് കങ്കണ കുറിച്ചു