കാവ്യാ മാധവന് 37-ാം പിറന്നാള്‍; ആഘോഷമാക്കി ആരാധകര്‍

 
Kavya Madhavan
കൊച്ചി:  മലയാളികളുടെ പ്രിയപ്പെട്ട നായിക കാവ്യാ മാധവന് 37-ാം പിറന്നാള്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഫാന്‍സ് ഗ്രൂപുകളിലടക്കം കാവ്യയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 1984 സെപ്റ്റംബര്‍ 19നാണ് കാവ്യയുടെ ജനനം. ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ്.
 

മലയാളത്തിലും തമിഴിലും തന്റെ അഭിനയം കാഴ്ച വച്ചു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സ്വന്തം നാടെങ്കിലും ഇപ്പോള്‍ എറണാകുളത്താണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്.പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ ആണ് ബാലതാരമായി സിനിമയിലെ അരങ്ങേറ്റം. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിന്റെ നായികയായി തുടക്കം കുറിച്ചത്. ഡാര്‍ലിങ് ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമന്‍, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാല്‍കല്യാണം, ഗദ്ദാമ, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവില്‍ പിന്നെയും വരെ നീളുന്നതാണ് കാവ്യയുടെ ഫിലിമോഗ്രഫി.

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടി. സിനിമയില്‍ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009-ല്‍ നിശാല്‍ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011-ല്‍ വേര്‍പിരിഞ്ഞു.

തുടര്‍ന്ന് 2016-ല്‍ ജനപ്രിയനായകന്‍ ദിലീപിനെ വിവാഹം ചെയ്തു. ഒരു മകളുണ്ട്.
മഹാലക്ഷ്മി.