'അല്ലു അര്‍ജുന്റെ എതിരാളിയായി ഫഹദ്'; പുഷ്പയുടെ ആദ്യഭാഗം റിലീസിനൊരുന്നു; തീയതി പുറത്തുവിട്ടു

 
Pushpa

ഹൈദരബാദ്:  പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. തെന്നിന്ത്യന്‍ പ്രിയതാരം അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദാണ് വിലനായി എത്തുന്നത്. ഈയൊരറ്റ കാരണം കൊണ്ടുതന്നെയാണ് ചിത്രം റിലീസിന് മുന്‍പ് തന്നെ ഇത്രയധികം ശ്രദ്ധിക്കപ്പട്ടത്.

ചിത്രത്തിന്റെ ടീസറിന് ലഭിച്ച റെകോര്‍ഡ് നേട്ടം അതിന് ഉദാഹരണമാണ്. രാജമൗലി ചിത്രങ്ങളായ ആര്‍ ആര്‍ ആര്‍, ബാഹുബലി, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം റെകോര്‍ഡുകളാണ് പുഷ്പയുടെ ടീസര്‍ തകര്‍ത്തത്. ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

2021 ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളില്‍ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപെര്‍താരമാക്കിയ സുകുമാരാണ് ഇതിന്റെയും സംവിധാനം. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേകേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ക്യാമറ.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗന്‍ഡ് ട്രാകും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗന്‍ഡ് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.